
അമ്പലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ ഇടതുപക്ഷത്തിന് അതിന്റെ ആശയപരമായ നിലപാട് നഷ്ടമായതായി അദ്ദേഹം ആരോപിച്ചു. ഈ തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടമാകുമെന്നും അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സുധാകരൻ കോൺഗ്രസ് വേദിയിൽ എത്തിയതിനെ അവസരവാദപരമായി കാണേണ്ടതില്ലെന്നും, ഇടതുപക്ഷത്തിന്റെ നയങ്ങളിൽ ഉണ്ടായ അടിസ്ഥാനപരമായ മാറ്റങ്ങളാണ് ഇതിന് പിന്നിലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മുൻപ് പിന്തുടർന്നിരുന്ന ആശയങ്ങളിൽ നിന്ന് ഇടതുപക്ഷം വഴിമാറിയതായും അദ്ദേഹം ആരോപിച്ചു. എൽഡിഎഫിനെ വർഗീയ ശക്തികൾ സ്വാധീനിക്കുന്നുവെന്നും ഇത് സമൂഹത്തിൽ വിഭജനവും വിദ്വേഷവും വളർത്തുന്നതിന് ഇടയാക്കുന്നുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. കേരളത്തിലെ സിപിഎമ്മിനും ബിജെപി-ആർഎസ്എസ് നേതൃത്വത്തിനും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഇടതുപക്ഷത്തിലെ ചില നേതാക്കൾക്കും ഈ യാഥാർത്ഥ്യം മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉയർത്തി. അദാനിയുടെ കോർപ്പറേറ്റ് ഘടനയ്ക്ക് ബിജെപിയുമായും പ്രധാനമന്ത്രിയുമായും അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എപ്സ്റ്റീൻ ഫയലില് നരേന്ദ്ര മോദിയുടെ ക്യാബിനറ്റിലെ മന്ത്രിമാരുടെ പേരുകൾ ഉണ്ടെന്നും ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള വിവരങ്ങൾ അറിയാമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊണാൾഡ് ട്രംപ് പറയുന്നത് പോലെ പ്രവർത്തിക്കുമെന്നും ഇത് രാജ്യത്തെ കർഷകരെയും ഊർജ്ജ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.











